Sunday, September 24, 2017

23 - ക്വുർആൻ പാരായണം (3)


“പ്രയോജനീയമായ പാരായണം”   

   

.
   

.

  

” وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَى “

( النجم - ٣٩ )

         “മനുഷ്യന് ,അവൻ പ്രയത്നിച്ചതല്ലാതെ (മറ്റൊന്നും) ഇല്ല.”

(അന്നജ്ം - 39)

     ഇമാം ക്വുർത്വുബി (رحمه الله) പറയുന്നു:

     “ഈ ആയത്ത് പ്രകാരം ചിലർ അഭിപ്രായപ്പെടുന്നത് ‘ഒരാളുടെ കർമ്മങ്ങൾ മറ്റൊരാൾക്കും പ്രയോജനപ്പെടില്ല' എന്നാണ്. എന്നാൽ ഈ ആയത്തിന്ന് പണ്ഡിതൻമാർക്ക് പല വ്യാഖ്യാനങ്ങളുമുണ്ട്.

    അതിലേറ്റവും ആധികാരികമായത് സ്വഹാബിവര്യനായ ഇബ്നു അബ്ബാസ് (رضي الله عنه) വിന്റെ അഭിപ്രായമാണ്.

      (കാരണം നബിﷺ മഹാനവർകൾക്ക് വേണ്ടി പ്രത്യേകമായി നടത്തിയ പ്രാർത്ഥന പ്രസിദ്ധമാണല്ലോ. “അല്ലാഹുവേ, ഇവന് നീ ക്വുർആൻ വിജ്ഞാനം നൽകണേ....” ഇത് അറിഞ്ഞ ഉമർ ബ്നുൽ ഖത്ത്വാബ് (رضي الله عنه) പോലെയുള്ള തലമുതിർന്ന സ്വഹാബികൾ പോലും, കേവലം ചെറുപ്പം ആയിരുന്ന ഇബ്നു അബ്ബാസ് (رضي الله عنه) വിനെ പ്രത്യേകം ആദരിച്ചു. അതിന്റെ കാരണം ചോദിച്ചവർക്ക് മഹാനരുടെ ക്വുർആനിക വിജ്ഞാനം വെളിപ്പെടുത്താൻ ചോദ്യം ചോദിച്ച സംഭവവും, നിരവധി ഹദീഥ് ഗ്രന്ഥങ്ങൾ സ്വഹീഹായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ‘തർജുമാനുൽ ക്വുർആൻ’ എന്ന് അറിയപ്പെട്ട അദ്ദേഹത്തിന്റെ പേരിലാണ് ആദ്യത്തെ ക്വുർആൻ വ്യാഖ്യാന ഗ്രന്ഥം.)

അതിൽ മഹാനവർകൾ പറഞ്ഞു :
   ഈ സൂക്തം മറ്റൊരു ക്വുർആൻ വചനം കൊണ്ട് ‘മൻസ്വൂഖ്’(വിധി ദുർബ്ബലമാക്കപ്പെട്ടത്) ആണ്.

”وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَا أَلَتْنَاهُم مِّنْ عَمَلِهِم مِّن شَيْءٍۚ “

( الطور - ٢١ )

     “സത്യവിശ്വാസം കൈക്കൊള്ളുകയും, തങ്ങളുടെ സന്താനങ്ങൾ സത്യവിശ്വാസത്തിൽ പിന്തുടരുകയും ചെയ്ത വിഭാഗത്തിന്റെ കൂടെ അവരുടെ സന്താനങ്ങളെയും¹ നാം ചേർക്കുന്നതാണ്. നാമവരുടെ കർമ്മങ്ങളിൽ (പ്രതിഫലത്തിൽ) യാതൊന്നും കുറക്കുകയുമില്ല...”
(അത്ത്വൂർ -21)

     അപ്പോൾ ക്വിയാമത് ദിവസം, ചെറിയ കുഞ്ഞിനെ അതിന്റെ പിതാവിന്റെ മീസാനിൽ ചേർക്കപ്പെടും. അല്ലാഹു തആലയോട് മക്കളുടെ കാര്യത്തിൽ പിതാക്കളും,  പിതാക്കളിൽ മക്കളും ശിപാർശ ചെയ്യും. ഇതിന് തെളിവായി ഇബ്നു അബ്ബാസ് (رضي الله عنه) ഉദ്ധരിക്കുന്നു.

     ”..... آبَاؤُكُمْ وَأَبْنَاؤُكُمْ لَا تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعًا .....“     ( النساء - ١١ )

      “നിങ്ങളുടെ പിതൃക്കളിലും സന്തതികളിലും,   പ്രയോജനത്താൽ ഏറ്റവും അടുത്തത് ആരാണെന്ന് നിങ്ങൾക്ക് അറിയില്ല.”
(അന്നിസാഅ് - 11)

      പ്രബലമായ മറ്റൊരു അഭിപ്രായം റബീഅ് ബ്നു അനസ് (رضي الله عنه) വിന്റേതാണ്. അദ്ദേഹം പറയുന്നു:

     “ഇവിടെ, ‘കാഫിറായ മനുഷ്യന് പ്രയോജനം ചെയ്യില്ല’ എന്നാണ് വിവക്ഷ. (നിഷേധിക്ക് ശിപാർശ അനുവദനീയമല്ല എന്ന് വ്യക്തമാണല്ലോ.) അതേ സമയം സത്യവിശ്വാസിക്ക് അവൻ അധ്വാനിച്ചതും അവന്ന് വേണ്ടി മറ്റുള്ളവർ അധ്വാനിച്ചതും ലഭിക്കുന്നതാണ്.  ഇക്കാര്യം ധാരാളം ഹദീഥുകളാൽ സാക്ഷ്യപ്പെടുന്നതും ആണ്.

      ഇമാം ബുഖാരി, ഇമാം മുസ് ലിം, എന്നിവർ ഉദ്ധരിക്കുന്ന സ്വഹീഹായ ഹദീഥിൽ കാണാം, നബിﷺ തങ്ങൾ  പറഞ്ഞു.

   “നോമ്പ് ബാക്കിയിരിക്കെ ഒരാൾ മരണപ്പെട്ടാൽ, അവന്ന് വേണ്ടി രക്ഷിതാവ് (അനന്തരവകാശി) നോമ്പനുഷ്ടിക്കുക.”

     ‘തന്റെ സ്വന്തം ഹജ്ജ് നിർവ്വഹിക്കും മുമ്പ് മറ്റൊരാൾക്കു വേണ്ടി ഹജ്ജ് ചെയ്യാമോ’ എന്ന് ചോദിച്ച ആളോട് നബിﷺ തങ്ങൾ പറഞ്ഞു.

      “ആദ്യം നീ നിന്റെ സ്വന്തം ഹജ്ജ് നിർവ്വഹിക്കുക. പിന്നെ മറ്റൊരാൾക്ക് വേണ്ടി ഹജ്ജ് ചെയ്യുക.”

(അബൂ ദാവൂദ്, ഇബ്നു ഹിബ്ബാൻ, ത്വബ്റാനി, ഇർവാഉൽ ഗലീൽ)

      ആഇശ ബീവി (رضي الله عنها) തന്റെ മരണപ്പെട്ട സഹോദരൻ അബ്ദുറഹ് മാന് (റ) വേണ്ടി അടിമയെ മോചിപ്പിച്ചതും മറ്റും  ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

     സഅദ് (رضي الله عنه) നബിﷺ തങ്ങളോട് ചോദിച്ചു.

     “എന്റെ ഉമ്മ മരണപ്പെട്ടു. ഞാൻ അവർക്ക് വേണ്ടി സ്വദക്വഃ ചെയ്യാമോ?”. അവിടുന്ന് പറഞ്ഞു.

    “അതെ, ചെയ്യാം.”

    “ഏത് സ്വദക്വയാണ് ഏറ്റവും ഉത്തമം?”

    “ദാഹജലം നൽകൽ.”
        

                     ★   ★   ★

     ഇമാം ക്വുർത്വുബി (رضي الله عنه) പറയുന്നു. “ഈ ആയത്ത് മനുഷ്യന്റെ തിന്മകളിൽ മാത്രമേ ബാധകമാവുകയുള്ളൂ. ഇമാം മുസ് ലിം ഉദ്ധരിച്ച, അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്നുള്ള ക്വുദ്സിയ്യായ ഹദീഥ് ഇതിന് തെളിവാകുന്നു.

     “അല്ലാഹു അറിയിച്ചതായി നബിﷺ തങ്ങൾ പറഞ്ഞു:

     “എന്റെ അടിമ ഒരു നന്മ ചെയ്യാൻ ആഗ്രഹിച്ചാൽ, അത് ചെയ്തില്ലെങ്കിലും അവന്ന് ഒരു നന്മ നാം രേഖപ്പെടുത്തും. അത് പ്രവർത്തിച്ചാൽ പത്ത് മുതൽ എഴുന്നൂറ് വരെ മടങ്ങ് നന്മകൾ രേഖപ്പെടുത്തും. ഒരു തിന്മ ചെയ്യാൻ ആഗ്രഹിച്ചാൽ, അത് ചെയ്തിട്ടില്ലെങ്കിൽ യാതൊന്നും രേഖപ്പെടുത്തുകയില്ല. (മറ്റൊരു റിപ്പോർട്ടിൽ ‘തിൻമ ചെയ്യാൻ ഉദ്ദേശിച്ച്, പിന്നെ ചെയ്തില്ലെങ്കിൽ ഒരു നന്മ രേഖപ്പെടുത്തും’  എന്നും വന്നിട്ടുണ്ട്) ഒരു തിന്മ പ്രവർത്തിച്ചാൽ ഒറ്റ തിന്മ മാത്രമാണ് എഴുതുക.”

    വിശുദ്ധ ക്വുർആനും ഇത് അടിവരയിടുന്നു.

       “ഒരാൾ ഒരു നന്മ കൊണ്ടു വന്നാൽ അവന്ന് പത്ത് മടങ്ങ് (പ്രതിഫലം) ലഭിക്കുന്നതാണ്.”
(അൻആം : 160 )

    “അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സമ്പത്ത് ചെലവഴിക്കുന്നവരുടെ ഉപമ ഒരു ധാന്യമണി പോലെയാണ്. അത് ഏഴു കതിരുകളെ ഉൽപാദിപ്പിച്ചു. ഓരോ കതിരിലും നൂറു വീതം ധാന്യമണികളും.”
(ബക്വറഃ : 261)

      “ആരാണ് അല്ലാഹുവിന് നന്നായി കടം നൽകുന്നത് ? അപ്പോൾ അവന്ന് അല്ലാഹു ധാരാളം മടങ്ങുകളായി ഇരട്ടിച്ച് നൽകും. ”
(ബക്വറഃ : 245)

    മറ്റൊരു വ്യാഖ്യാനപ്രകാരം ഇതെല്ലാം അല്ലാഹുവിന്റെ ഔദാര്യത്തിന്റെ ഭാഗമാണ്. എന്നാൽ അവന്റെ നീതിയുടെ (عدل) മാർഗ്ഗമാണ് ആ ( وَأَنْ لَيْسَ لِلْإِنْسَانِ ) ആയത്തിൽ പറയുന്നത്. അതായത്, മനുഷ്യന് അവന്റെ അധ്വാന ഫലമല്ലാതെ അവകാശപ്പെടാൻ തരമില്ല. എന്നാൽ അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് ധാരാളം ഇരട്ടികളായി പ്രതിഫലം ലഭിച്ചേക്കും.

       അബൂഹുറയ്റഃ (رضي الله عنه) വിനോട് ചോദിക്കപ്പെട്ടു.

    “അല്ലാഹു തആല ഒരു നന്മക്കു തന്നെ ഒരു മില്യൺ (ആയിരമായിരം) മടങ്ങ് നന്മകൾ പ്രതിഫലം നൽകുമെന്ന് നബിﷺ തങ്ങൾ പറഞ്ഞത് താങ്കൾ കേട്ടിട്ടുണ്ടോ?,”

      അദ്ദേഹം പ്രതിവചിച്ചു.

   “നിശ്ചയം, അല്ലാഹു തആല ഒരു നന്മക്കു രണ്ട് മില്യൺ (രണ്ടായിരമായിരം) ഇരട്ടി നന്മകൾ പ്രതിഫലം നൽകുമെന്ന് നബിﷺ തങ്ങൾ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്.”
(അഹ് മദ്)

     ഇമാം ക്വുർത്വുബി (റ) ഉന്നയിക്കുന്നു:

“ചെറിയ കുട്ടികൾക്ക് യാതൊരു അമലും കൂടാതെ സ്വർഗ്ഗ പ്രവേശനം ഔദാര്യമായി നൽകുന്ന അല്ലാഹു തആല സത്യവിശ്വാസിക്ക് അവന്റെ അധ്വാനത്തിനും അവനു വേണ്ടി മറ്റുള്ളവരുടെ അധ്വാനത്തിനും ഫലം നൽകില്ലെന്നു കരുതാമോ? (ഒരിക്കലും പാടില്ല.)

    ഇമാം ഖറാത്വീ (رحمه الله) തന്റെ കിതാബുൽ ക്വുബൂറിൽ ഉദ്ധരിച്ചിട്ടുണ്ട്.

   “മയ്യിത്ത് ക്വബ്റിൽ വെച്ച് കഴിഞ്ഞാൽ ഉടൻ അൽബക്വറഃ സൂറത്ത് പൂർണ്ണമായി ഓതൽ അൻസാറുകളുടെ ചര്യയാകുന്നു.”

     ഇമാം ക്വുർത്വുബി (رحمه الله) തുടരുന്നു.

        “നാം ഈ വിഷയം ഇത്രയും ദീർഘമായി പറയാൻ കാരണമുണ്ട്. ഫക്വീഹും പണ്ഡിതനും ക്വാളിയും ഇമാമും വലിയ മുഫ്തിയുമായിരുന്ന അശ്ശൈഖ് ഇസ്സു ബ്നു അബ്ദു സ്സലാം (رحمه الله), മയ്യിത്തിന് വേണ്ടി ക്വുർആൻ ഓതിയാൽ പ്രതിഫലം മരിച്ചവർക്ക് ലഭിക്കില്ല എന്ന് ഫത് വ നൽകാറുണ്ടായിരുന്നു. തെളിവായി ഈ ആയത്താണ് അദ്ദേഹം ഉദ്ധരിക്കാറുണ്ടായിരുന്നത്. അങ്ങനെ അദ്ദേഹത്തിന്റെ മരണശേഷം ചില ശിഷ്യൻമാരും അനുയായികളും അദ്ദേഹത്തെ സ്വപ്നദർശനം നടത്തി.
ആ സ്വപ്നത്തിൽ അവർ ചോദിച്ചു.

    “മരിച്ചവർക്കു വേണ്ടി ഓതിയതും ഹദ് യഃ ചെയ്തതും പ്രയോജനം ചെയ്യില്ല, എന്ന് താങ്കൾ പറയാറുണ്ടായിരുന്നല്ലോ, അതിന്റെ നിജസ്ഥിതി എന്താണിപ്പോൾ ?”
അദ്ദേഹം പറഞ്ഞു.

     “ഞാനങ്ങനെ പറഞ്ഞത് ഐഹികലോകത്തു വെച്ചായിരുന്നില്ലേ, അന്ന് ഞാൻ പറഞ്ഞത് ഇപ്പോൾ പിൻവലിക്കുന്നു. അല്ലാഹുവിന്റെ ഔദാര്യം ഞാൻ ധാരാളം കണ്ടു കഴിഞ്ഞു. അത് ലഭിക്കുക തന്നെ ചെയ്യും.”

_______________________________________

        ¹സച്ചരിതരായ സത്യവിശ്വാസികളെ സന്തോഷിപ്പിക്കാൻ വേണ്ടി, അവരുടെ സന്താനങ്ങളെയും പിതാക്കളെയും (അവർ പാപികളാണെങ്കിൽ പോലും) അവരുടെ കൂടെ സ്വർഗ്ഗത്തിൽ അല്ലാഹു പ്രവേശിപ്പിക്കുമെന്ന ആശയമാണ് ഈ സൂക്തത്തിൽ വിവരിക്കുന്നത്.

                       ★    ★    ★

                   

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

.

.

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

.

.

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

                   

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...