Monday, September 11, 2017

12 - “പ്രാണൻ പിരിയവേ.”


       “നന്മ പറയൽ (പ്രാർത്ഥന)

.

.

       ഉമ്മു സലമ ബീവി (റ) യിൽ നിന്ന് നിവേദനം. നബി (സ്വ) തങ്ങൾ അരുളിയതായി അവർ പറഞ്ഞു:

     “ഒരു രോഗിയുടെയോ മയ്യിത്തിന്റെയോ അടുക്കൽ ചെന്നാൽ നിങ്ങൾ നല്ലത് പറയുക, കാരണം നിങ്ങൾ പറയുന്നതിന്  (പ്രാർത്ഥിക്കുന്നതിന്) മലക്കുകൾ 'ആമീൻ' പറയുന്നതാണ്." 

      അവർ തുടരുന്നു: 'അബൂസലമ (ഭർത്താവ്) മരണപ്പെട്ടപ്പോൾ ഞാൻ നബി തങ്ങളുടെ അടുക്കൽ ചെന്ന് പറഞ്ഞു:

   “അല്ലാഹുവിന്റെ പ്രവാചകരേ, നിശ്ചയം, അബൂസലമ മരണപ്പെട്ടിട്ടുണ്ട്.”

     അപ്പോൾ അവിടുന്ന് പറഞ്ഞു:

      “നീ പറയുക, അല്ലാഹുവേ, നീ എനിക്കും അവർക്കും (അബൂ സലമ) പൊറുത്തു നൽകേണമേ, എനിക്ക് അദ്ദേഹത്തേക്കാൾ നല്ലതിനെ നീ പകരമായി നൽകേണമേ."

    ബീവി പറയുന്നു : “അങ്ങനെ ഞാൻ അപ്രകാരം പറഞ്ഞു, (പ്രാർത്ഥിച്ചു) അപ്പോൾ അല്ലാഹു തആല അബൂസലമയെക്കാൾ ഉത്തമനായ നബി (സ്വ) തങ്ങളെ എനിക്ക് പകരം നൽകി'.¹

(മുസ് ലിം)

.

      ഉമ്മു സലമ ബീവി (റ) യിൽ നിന്ന് നിവേദനം. അവർ പറഞ്ഞു:

     (മരണപ്പെട്ട) 'അബൂസലമയുടെ അടുക്കലേക്ക് പ്രവാചകർ (സ്വ) തങ്ങൾ കടന്നു വന്നു. അപ്പോൾ വിടർന്നു നിന്ന അബൂസലമയുടെ കണ്ണുകൾ നബി തങ്ങൾ ചിമ്മിപ്പിച്ചു. എന്നിട്ട് പറഞ്ഞു:

      “റൂഹ് പിടിക്കപ്പെട്ടാൽ കണ്ണുകൾ അതിനെ പിന്തുടരുന്നതാണ്."

    തദ്സമയം അയാളുടെ കുടുംബത്തിൽ പെട്ട ചിലയാളുകൾ അലറിക്കരഞ്ഞു. അപ്പോൾ നബി (സ്വ) തങ്ങൾ പറഞ്ഞു:

      “നിങ്ങൾ സ്വശരീരങ്ങൾക്ക് നന്മയല്ലാതെ പ്രാർത്ഥിക്കരുത്. നിശ്ചയം നിങ്ങൾ പറയുന്നതിന് (പ്രാർത്ഥിക്കുന്നതിന് ) മലക്കുകൾ ആമീൻ പറയുന്നതാണ്.”

      പിന്നീട് അവിടുന്ന് പറഞ്ഞു (പ്രാർത്ഥിച്ചു):

    “നീ അബൂസലമക്ക് പൊറുത്തു കൊടുക്കേണമേ, സന്മാർഗ്ഗികൾ ക്കിടയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉയർത്തേണമേ, അവശേഷിക്കുന്നവരിൽ അദ്ദേഹത്തിന്റെ അനന്തര അവകാശികൾക്ക് നീ (നന്മ) പകരം നൽകേണമേ,  പ്രപഞ്ചനാഥാ,  നീ ഞങ്ങൾക്കും അദ്ദേഹത്തിനും പൊറുത്തു നൽകേണമേ, അയാൾക്ക് തന്റെ കബ്റിൽ വിശാലത നൽകേണമേ. അതിലേക്ക് പ്രകാശം ചൊരിയേണമേ.”

(മുസ് ലിം, അബൂദാവൂദ്, തിർമുദി)

                       ★    ★    ★

      ഹദീഥുകളിൽ നബി (സ്വ) തങ്ങൾ, രോഗിയേയോ മയ്യിതിനേയോ സന്ദർശിക്കുന്നവർ പാലിക്കേണ്ട മര്യാദ പഠിപ്പിക്കുകയാണ്. മലക്കുകൾ ആമീൻ പറയുമെന്ന വിവരം അറിയിക്കുകയാണ്. അത് കൊണ്ട് തന്നെ സ്വാലിഹീങ്ങളും മറ്റും മരണ സമയത്ത് ശഹാദത് ഓർമ്മിപ്പിക്കാനും പ്രാർത്ഥിക്കാനുമെല്ലാം സന്നിഹിതരാകുന്നത് സുന്നത്താണ്. അപ്പോൾ സ്വാലിഹീങ്ങളുടെ പ്രാർത്ഥനയോട് മലക്കുകളുടെ ആമീൻ ചേരുന്നതാണ്. അത് മയ്യിതിന്നും മരണാസന്നമായവന്നും അവിടെയുള്ള മറ്റുള്ളവർക്കും പ്രയോജനപ്പെടുന്നതാണ്. ഇക്കാര്യങ്ങളെല്ലാം ഇമാം ഖുർത്വുബി പണ്ഡിതൻമാരുടെ വാക്കുകളുദ്ധരിച്ച് സമർത്ഥിക്കുന്നു.

                       ★    ★    ★

          കണ്ണുകൾ ചിമ്മിക്കുക


     റൂഹ് പിരിഞ്ഞ ഉടനെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അവയിലേക്ക് വെളിച്ചം വീശുന്ന ചില ഹദീഥുകളും മറ്റുമാണ് ഇവിടെ വിവരിക്കുന്നത്.

      ശദ്ദാദ് ബ്നു ഔസ് (റ) വിൽ നിന്ന് നിവേദനം. നബി (സ്വ) തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു:

   “നിങ്ങൾ മരണപ്പെട്ടവരുടെ അടുക്കൽ ചെന്നാൽ ഉടൻ കണ്ണുകൾ ചിമ്മിപ്പിക്കുക, നിശ്ചയം കണ്ണുകൾ റൂഹിനെ പിന്തുടരുന്നതാണ്. നല്ലത് പറയുക, കാരണം മയ്യിതിന്റെ സ്വന്തക്കാർ പറയുന്നതിന് (പ്രാർത്ഥിക്കുന്നതിന്) മലക്കുകൾ 'ആമീൻ' പറയുന്നതാണ്.”

(ഇബ്നുമാജഃ, ഹാകിം)

     ബക്ർ ബ്നു അബ്ദുല്ലാഹ് അൽ മുസ്നി (റ) നെ തൊട്ട് ഉദ്ധരിക്കപ്പെട്ട ഹദീഥ് 'സുഫ് യാൻ അൽ ഥൗരി' റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: 

     “മയ്യിതിന്റെ കണ്ണുകൾ ചിമ്മിപ്പിക്കുമ്പോൾ 'ബിസ്മില്ലാഹി വഅലാ മില്ലതി റസൂലില്ലാഹ് ’(സ്വ) എന്ന്  പറയുക, തസ്ബീഹ് ചൊല്ലുക.”

പിന്നെ സുഫ് യാൻ (റ) ഓതി:

" والملائكة يسبحون بحمد ربهم .."

      "മലക്കുകൾ അവരുടെ രക്ഷിതാവിനെ സ്തുതികളാൽ വാഴ്ത്തിക്കൊണ്ടിരിക്കുന്നു."
(അശ്ശൂറാ :5)

                       ★    ★    ★


       റൂഹ് പിരിഞ്ഞു എന്ന് ഉറപ്പിച്ച ശേഷമായിരിക്കണം കണ്ണുകൾ ചിമ്മിപ്പിക്കേണ്ടത്.

     അബൂദാവൂദ് (റ) പറയുന്നു: അബൂമയ്സറഃ (റ) എന്ന സാത്വികന്റെ ചരിത്രം ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹം ഗുരുവായ ജഅ്ഫർ (റ) വിന്റെ കണ്ണുകൾ ചിമ്മിപ്പിച്ചു. മരണസമയത്തും മഹാനവർകൾ ബുദ്ധിയും ഓർമ്മശക്തിയും തെളിഞ്ഞവരായിരുന്നു. പിന്നീട് അബൂമയ്സറഃ (റ) മഹാനെ സ്വപ്നത്തിൽ ദർശിച്ചു. അവർ പറയുന്നുണ്ടായിരുന്നു:

      “എനിക്ക് ഏറ്റവും പ്രയാസമുണ്ടായ കാര്യം, ഞാൻ മരിക്കും മുമ്പ് നിങ്ങൾ എന്റെ കണ്ണുകൾ അടച്ചതാണ്."

                 

____________________________________

¹ പിന്നീട് നബി (സ്വ) തങ്ങളാണ് മഹതിയെ വിവാഹം ചെയ്തത്.

                       ★    ★    ★

                   
.

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

.

.

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

.

.

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

                   
.

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...