Wednesday, September 27, 2017

24 - “അന്ത്യ വിശ്രമസ്ഥാനം”


“മണ്ണെടുത്തിടത്ത് മണ്ണോടു ചേരും”

 
.
  



”.. وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ..“

(لقمان : ٣٤ )

     “....താൻ ഏത് പ്രദേശത്ത് വെച്ച് മരിക്കുമെന്ന് ആർക്കും അറിയില്ല....”

(ലുക്വ് മാൻ : 34)

.

       അബൂ അസ്സ (റ)വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു.

       “ഒരു മനുഷ്യൻ ഏതു പ്രദേശത്ത് വെച്ച് മരിക്കണമെന്ന് അല്ലാഹു നിശ്ചയിച്ചാൽ അങ്ങോട്ടേക്ക് (വരാനുള്ള) ആവശ്യങ്ങൾ അല്ലാഹു ഉണ്ടാക്കും.” അല്ലെങ്കിൽ “അയാൾക്ക് അവിടെ ആവശ്യങ്ങൾ ഉണ്ടാക്കും.”

(തിർമുദി, ഹാകിം)
.

      അബൂ സഈദ് അൽഖുദ്റി (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ മദീനഃയിലൂടെ കടന്നു പോകുമ്പോൾ ഒരു സംഘം ക്വബ്ർ കുഴിക്കുന്നത് കണ്ടു. അപ്പോൾ അവിടുന്ന് അതിനെക്കുറിച്ചു ചോദിച്ചു. അവർ പറഞ്ഞു. ഒരു ആഫ്രിക്കക്കാരൻ, (മദീനഃയിൽ) വന്നു മരണപ്പെട്ടു. അപ്പോൾ നബിﷺ തങ്ങൾ പറഞ്ഞു:

     “അള്ളാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ല..! അയാളുടെ ദേശത്തു നിന്ന്, വാനച്ചുവടിൽ നിന്ന്, സൃഷ്ടിക്കപ്പെട്ട മണ്ണിലേക്ക് നയിക്കപ്പെട്ടിരിക്കുന്നു..!”

(ഹാകിം, ത്വബ്റാനി, ബസ്സാർ)

                      ★     ★     ★

    ഇവിടെ നാം പാഠമുൾക്കൊള്ളേണ്ടതുണ്ട്. ഏതു സമയത്തും എവിടെ വെച്ചും നമ്മുടെ മരണമുണ്ടാകാം. അതിനായി എപ്പോഴും തയ്യാറായിരിക്കുക. പണ്ഡിതൻമാർ പറഞ്ഞു: അല്ലാഹുവിന് നന്നായി ആരാധനകളർപ്പിച്ചും, കടങ്ങൾ വീട്ടിയും, സംഭവിച്ച അപാകതകൾ പൊരുത്തപ്പെടുവിച്ചും തന്റെ ഇടപാടുകളെ കുറിച്ചുള്ള ‘ഒസ്യത്തു’കൾ കൃത്യമായി നിശ്ചയിച്ചും അതിനായി ഒരുങ്ങുക. പ്രത്യേകിച്ച്, വിദേശയാത്ര ഉദ്ദേശിക്കുമ്പോൾ. എപ്പോൾ, എവിടെ വെച്ചാണ് മരണമെന്ന് ആർക്കും അറിയില്ല.

      ചില ‘പൂർവ്വീക തിരു ശേഷിപ്പുകളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. സുലയ്മാൻ നബി(عليه السلام) ന് ഒരു ജോലിക്കാരനുണ്ടായിരുന്നു. ഒരിക്കൽ അയാൾ വന്ന് ആവശ്യപ്പെട്ടു. എനിക്ക് ഇന്ത്യയിൽ ഒരു അത്യാവശ്യ കാര്യമുണ്ട്. അതു കൊണ്ട് താങ്കൾക്ക് അല്ലാഹു തആല കീഴ്പ്പെടുത്തിത്തന്ന കാറ്റിനോട് കൽപ്പിക്കുമോ, എന്നെ ഇപ്പോൾ തന്നെ അവിടെയെത്തിക്കാൻ? (സുലയ്മാൻ നബി(عليه السلام) അപ്രകാരം ചെയ്തു.) അപ്പോൾ (സദസ്സിലുണ്ടായിരുന്ന) മലകുൽ മൗത് പുഞ്ചിരിക്കുന്നത് നബി ദർശിച്ചു. ഉടൻ സുലയ്മാൻ നബി(عليه السلام) ചോദിച്ചു.

    “എന്തിനാ ചിരിക്കുന്നത് ?”

   “അത്ഭുതം കൊണ്ടാണ്. ഇയാളുടെ റൂഹ്, അൽപ്പസമയത്തിനു ശേഷം ഇന്ത്യയിൽ വെച്ച് പിടിക്കാൻ എനിക്ക് കൽപ്പനയുണ്ടായിരുന്നു. ഇദ്ദേഹമാകട്ടെ, താങ്കളുടെ സദസ്സിലും.!”  

(അബൂ നഈം, ഹിൽയഃ)

 
 
                      ★     ★     ★

.
 
      “ക്വബ്റിലെത്തുന്ന നന്മകൾ ”

     അനസ് ബ്നു മാലിക് (رضي الله عنه) വിൽ നിന്ന് ഉദ്ധരിക്കപ്പെട്ടു. അദ്ദേഹം പറയുന്നു. നബിﷺ തങ്ങൾ അരുളി:

       “മൂന്ന് കാര്യങ്ങൾ മയ്യിത്തിനെ അനുഗമിക്കും. അതിൽ രണ്ടെണ്ണം തിരിച്ചു വരും. ഒന്ന് അവശേഷിക്കും. അവന്റെ കുടുംബവും ധനവും കർമ്മവും അനുഗമിക്കും. അങ്ങനെ കുടുംബവും ധനവും തിരിച്ചു വരും. കർമ്മം (അവനോടൊപ്പം) അവശേഷിക്കും.”

(ബുഖാരി, മുസ് ലിം)

      അനസ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു :

       “ ഏഴു കാര്യങ്ങളുടെ പ്രതിഫലം മരണശേഷവും  ക്വബ്റിലായിരിക്കേ, അടിമക്ക് എത്തിക്കൊണ്ടേയിരിക്കും. അവൻ അറിവ് പകർന്നാൽ, നദി കീറിയുണ്ടാക്കിയാൽ, കിണർ കുഴിച്ചാൽ, മരം നട്ടാൽ, പള്ളി നിർമ്മിച്ചാൽ, മുസ് ഹഫ് അവശേഷിപ്പിച്ചാൽ, മരണശേഷം അവന്ന് വേണ്ടി പൊറുക്കൽ തേടുന്ന (സ്വാലിഹായ) സന്താനത്തെ (അനന്തരഗാമിയായി) ഉപേക്ഷിച്ചാൽ (അവയുടെ പ്രതിഫലം അവന്റെ ക്വബ്റിലേക്ക് വന്ന് കൊണ്ടിരിക്കും.)”

(അബൂ നഈം, ഇബ്നു മാജഃ)

                      ★     ★     ★

     വിഷയത്തിൽ ധാരാളം ഹദീഥുകൾ ഇനിയുമുണ്ട്. അനസ് ബ്നു മാലിക് (رضي الله عنه) വിൽ നിന്ന് ഉദ്ധരിക്കപ്പെട്ടു. നബിﷺ തങ്ങൾ പറഞ്ഞു. “നിശ്ചയം, നീ മരിച്ചവന് വേണ്ടി ചെയ്യുന്ന സ്വദക്വഃ. അത് (പ്രതിഫലം) ഒരു പ്രകാശത്തിന്റെ തളികയിൽ വെച്ച്, ഒരു മലക് അവന്റെ അടുക്കൽ ചെല്ലും. എന്നിട്ട് അവന്റെ ക്വബ്റിന്റെ തലഭാഗത്ത് നിൽക്കും. പിന്നെ വിളിക്കും.

     “ഏകാന്തപഥികനായ മണ്ണറക്കാരാ, നിന്റെ ഉടയവർ നിനക്കായി ഈ സമ്മാനങ്ങൾ തന്നയച്ചിരിക്കുന്നു. സ്വീകരിച്ചാലും.”

    അങ്ങനെ അത് അവന്റെ ക്വബ്റിലേക്ക് പ്രവേശിപ്പിക്കും. അവിടം വിശാലമാവുകയും പ്രഭാപൂരിതമാവുകയും ചെയ്യും. അപ്പോൾ അവൻ പറയും.

      “എന്റെ ഉടയവർക്കിതിന് അല്ലാഹു ഉത്തമമായ പ്രതിഫലം നൽകട്ടെ !”

       അപ്പോൾ സമീപസ്ഥനായ മണ്ണറക്കാരൻ പറയും.

      “ഞാൻ എനിക്കൊരു സന്താനത്തെയോ, വല്ല കാരണത്താലും എന്നെ ഓർമ്മിക്കുന്ന മറ്റാരെയെങ്കിലുമോ അനന്തരഗാമി ആക്കിയില്ലല്ലോ.!”

      ഇവൻ ദുഃഖിതനാണ്. ആദ്യത്തെയാളാകട്ടെ, സമ്മാനങ്ങളാൽ സന്തോഷവാനും.”

                      ★     ★     ★

    ബശ്ശാർ ബ്നു ഗാലിബ് (رحمه الله) പറയുന്നു.

     “ഞാൻ റാബിഅ (رضي الله عنها) ക്ക് വേണ്ടി ധാരാളം  പ്രാർത്ഥിക്കാറുണ്ടായിരുന്നു. ഒരു ദിവസം ഞാൻ അവരെ (സ്വപ്നത്തിൽ) ദർശിച്ചു. അപ്പോൾ അവർ എന്നോട് പറഞ്ഞു:

      “ബശ്ശാർ, നിന്റെ സമ്മാനങ്ങൾ എനിക്ക് കൊണ്ടു വന്നിരുന്നു. അവ പ്രകാശത്തിന്റെ തളികയിൽ (സുന്ദരമായി) വെച്ചിരുന്നു. പട്ടു തൂവാല കൊണ്ട് മൂടിയിട്ടുണ്ടായിരുന്നു. ഇപ്രകാരമാണ് ബശ്ശാർ, ജീവിച്ചിരിക്കുന്ന സത്യവിശ്വാസികൾ, അവരുടെ മരണപ്പെട്ട സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും അത് സ്വീകരിക്കപ്പെടുകയും ചെയ്താൽ ഉണ്ടാവുക. എന്നിട്ട് പറയപ്പെടും, ‘ഇത് ഇന്നയാളുടെ നിനക്കുള്ള സമ്മാനമാകുന്നു.”

                      ★     ★     ★

.

അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )

.

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...